അഷ്‌റഫ് വേങ്ങാട്ട്

റിയാദ് – ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന നരനായാട്ടിനെതിരെ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ശക്തമാക്കി സഊദി അറേബ്യ. ഗാസയിലും ജറൂസലമിലും അടക്കം ഫലസ്തീനികൾക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെ തുടരുന്ന ഇസ്രായിൽ ക്രൂരതക്ക് ഉടൻ അന്ത്യം കുറിക്കണമെന്ന് സഊദി വിദേശകാര്യമന്ത്രി മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഫലസ്തീന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം ആ രാജ്യത്തോടൊപ്പം നിലകൊള്ളണമെന്ന് ആവശ്യവുമായി സഊദി വിവിധ രാജ്യങ്ങളുമായി ബന്ധപെട്ടു വരികയാണ്.

കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സൽമാൻ രാജവും ഇസ്രായിലിന്റെ അതിരുവിട്ട നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഫലസ്തീൻ വിദേശ, പ്രവാസികാര്യ മന്ത്രി രിയാദ് അൽമാലികിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്തു . ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽസ്വഫദി, സുഡാൻ വിദേശകാര്യ മന്ത്രി മർയം അൽസ്വാദിഖ് അൽമഹ്ദി എന്നിവരുമായും അദ്ദേഹം ചർച്ചകൾ നടത്തി.

ഐക്യരാഷ്ട്രസഭയിലും ഫലസ്തീനിലെ ഇസ്രായിൽ ക്രൂരത സജീവ വിഷയമായി കൊണ്ടുവരാൻ സഊദി അറേബ്യ നയതന്ത്ര തലത്തിൽ ശ്രമം ഊർജിതപ്പെടുത്തി. ഈ മാസത്തെ യു.എൻ രക്ഷാസമിതി അധ്യക്ഷ പദവി വഹിക്കുന്ന ചൈനയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി സംഘവുമായി ഐക്യരാഷ്ട്രസഭയിലെ സഊദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി കൂടിക്കാഴ്ച നടത്തി. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ കൊല്ലപെട്ടുകൊണ്ടിരിക്കുന്ന ഇസ്രായിലിന്റെ അതിക്രമത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ ഒറ്റക്കെട്ടായ നീക്കമുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീനിൽ സ്ഥിതി വഷളാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇസ്രായിലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ അറബ് ഇസ്ലാമിക രാജ്യങ്ങൾ മുന്നിയിട്ടിറങ്ങണമെന്നും സയണിസ്റ് ക്രൂരതക്കെതിരെ അറബ്‌ലോകത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും അറബ് പാർലിമെന്റ് ആഹ്വനം ചെയ്തു. ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റവരെയും സ്വന്തം പ്രദേശങ്ങളിൽ നിന്ന് പാലായനം ചെയ്യുന്നവരെയും സഹായിക്കാൻ ഒറ്റക്കെട്ടായ നീക്കമുണ്ടാകണമെന്നും അറബ് യുണിയന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നരനായാട്ട് അവസാനിപ്പിക്കാൻ യു എൻ സുരക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും ഇസ്രായിലിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.