റിയാദ്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനായുള്ള സൗദിയുടെ പ്രധാന വ്യവസ്ഥ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. അറബ് രാഷ്ട്രങ്ങളായ യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ സഊദി അറേബ്യയും ഇസ്റാഈലുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്.

ഞങ്ങള്‍ ഇസ്രയേലുമായി പൂര്‍ണതോതിലുള്ള ബന്ധത്തിനായി കാത്തിരിക്കുന്നുവെന്നും മേഖലയില്‍ ഇസ്രയേല്‍ അതിന്റെ സ്ഥാനം നേടുമെന്നും ഞങ്ങള്‍ കരുതുന്നു. എന്നാല്‍, അത് സംഭവിക്കുന്നതിനും സുസ്ഥിരമാകുന്നതിനും വേണ്ടി ഫലസ്തീനികള്‍ക്ക് അവരുടെ രാഷ്ട്രം ലഭിക്കേണ്ടതും പ്രശ്നം പരിഹരിക്കേണ്ടതുമുണ്ട്-സൗദി വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. മനാമ അന്താരാഷ്ട്ര സെക്യൂരിറ്റി സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇസ്രയേലിനെയും ഫലസ്തീനികളെയും ചര്‍ച്ചക്കായി ഒരു മേശക്ക് ചുറ്റുമെത്തിക്കുകയെന്നത് പ്രധാനമാണ്. ഫലസ്തീന്‍ രാഷ്ട്രം ഈ മേഖലയില്‍ യഥാര്‍ത്ഥ സമാധാനം നല്‍കും, അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ അബ്രഹാം ഉടമ്പടിയെന്ന പേരില്‍ ഇസ്രയേലുമായി കരാറില്‍ രണ്ട് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചത്. യുഎഇയാണ് ആദ്യമായി ജൂണില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തിയത്. പിന്നീട് ബഹ്റൈനും ഇത് പ്രഖ്യാപിക്കുകയായിരുന്നു.