റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകള്‍ രണ്ടാഴ്ചക്കകം പുറത്തിറക്കുമെന്ന് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. എല്ലാ വിഭാഗം നോട്ടുകളും ഡിസംബര്‍ 26ന് ഒറ്റയടിക്ക് പുറത്തിറക്കും. മികച്ച അന്താരാഷ്ട്ര ഗുണനിലവാരത്തിലും സുരക്ഷാ നിലവാരത്തിലുമാണ് സഊദി അറേബ്യയില്‍ പുതിയ കറന്‍സി പുറത്തിറങ്ങുന്നതെന്ന് സഊദി മോണിറ്ററി ഏജന്‍സി (സാമ) ഗവര്‍ണര്‍ ഡോ. അഹ്്മദ് അല്‍ഖുലൈഫി പറഞ്ഞു. വിശ്വാസവും സുരക്ഷയും എന്ന പ്രമേയത്തില്‍ നടന്ന ദേശീയ കറന്‍സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയുന്നതിന് സാധിക്കുന്ന അടയാളങ്ങളും അമേരിക്കന്‍, ബ്രിട്ടീഷ് കറന്‍സികളില്‍ ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും മുന്തിയ സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങളും പുതിയ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു റിയാല്‍ നോട്ട് പുറത്തിറക്കുന്നില്ല. പകരം സല്‍മാന്‍ രാജാവിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഒരു റിയാല്‍ നാണയം പുറത്തിറക്കുന്നുണ്ട്. രാഷ്ട്ര ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ രണ്ട് റിയാല്‍ നാണയവും ഡിസംബര്‍ 26 ന് പുറത്തിറക്കും. നിലവില്‍ പ്രചാരത്തിലുള്ള ഒരു റിയാല്‍ നോട്ട് പടിപടിയായി പിന്‍വലിക്കുമെന്ന് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു.
5, 10, 50, 100 റിയാല്‍ നോട്ടുകളില്‍ സല്‍മാന്‍ രാജാവിന്റെ ഫോട്ടോയും 500 റിയാല്‍ നോട്ടുകളില്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും ഫോട്ടോയുമാണുള്ളത്. 500 റിയാല്‍ നോട്ടില്‍ ഹറം വികസനത്തിന്റെയും 100 റിയാല്‍ നോട്ടില്‍ മസ്ജിദുന്നബവി വികസനത്തിന്റെയും 50 റിയാല്‍ നോട്ടില്‍ ജറൂസലമിലെ ഡോം ഓഫ് റോക്ക്, മസ്ജിദുല്‍അഖ്‌സ എന്നിവയുടെയും ഫോട്ടോകളുണ്ട്. പത്ത്, അഞ്ച് റിയാല്‍ നോട്ടുകളില്‍ സഊദിയിലെ പ്രധാന വികസനങ്ങളും അടയാളങ്ങളും വ്യക്തമാക്കുന്ന ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഹറം വികസനം, മസ്ജിദുന്നബവി വികസനം, സഊദി അറേബ്യയിലെ പ്രധാന അടയാളങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ പുതിയ നോട്ടുകളു ടെ പ്രധാന പ്രത്യേകതയാണ്. പുതിയ കറന്‍സി നോട്ടുകള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഗവര്‍ണര്‍ (സാമ) ഡോ. അഹ്മദ് അല്‍ഖുലൈഫി, ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്‍അസീസ് അല്‍ഫരീഹ് എന്നിവര്‍ അല്‍യമാമ കൊട്ടാരത്തില്‍ രാജാവിനെ സന്ദര്‍ശിച്ചാണ് പുതിയ കറന്‍സി നോട്ടുകള്‍ സമര്‍പ്പിച്ചത്. ആയിരം റിയാലിന്റെ നോട്ടുകള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സാമ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.