അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ജിസാനില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരണപെട്ടു. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് പുള്ളിയില്‍ എന്ന ബാപ്പുട്ടി(52)യാണ് കൊല്ലപ്പെട്ടത്. ജിസാനില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അബൂ അരീഷില്‍ അമല്‍ പെട്രോള്‍ പമ്പിനടുത്തുള്ള ഹകമി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായമുഹമ്മദ് മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച് ജോലി ചെയ്യുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപെടുന്നു. കടയിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. സിസിടിവിയുടെ റിസീവറും മറ്റും നഷ്ടമായിട്ടുണ്ട്. പോലീസ് പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിക്കുന്നുണ്ട്. അബു അരിഷ് പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാത്രി കട അടച്ച ശേഷം മുഹമ്മദ് അകത്തിരുന്ന് പാക്കിംഗ് ജോലികളും മറ്റും ചെയ്യാറുണ്ട്. കടയില്‍ ഒപ്പം ജോലിചെയ്യുന്ന ഇളയ സഹോദരന്‍ ഹൈദരാലി ജോലി കഴിഞ്ഞ ശേഷം തൊട്ടടുത്തുള്ള താമസസ്ഥലത്തായിരുന്നു. ഹൈദരാലിയെ കൂടാതെ ഇപ്പോള്‍ നാട്ടിലുള്ള മുഹമ്മദിന്റെ മറ്റൊരു സഹോദരന്‍ അഷ്‌റഫും ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകാനിരിക്കെയാണ് പ്രവാസി മലയാളികളെ ഞെട്ടിച്ച ദാരുണ സംഭവം. പത്ത് വര്‍ഷം തായിഫില്‍ പ്രവാസ ജീവിതം തുടങ്ങിയ ബാപ്പുട്ടി ജിസാനില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷമായി. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത് .

പിതാവ്പുള്ളിയില്‍ അബ്ദുഹാജി. മാതാവ് പാത്തുമ്മ കുന്നത്തൊടി. ഭാര്യ പാലേമ്പുടിയന്‍ റംല ഇരുമ്പുഴി. മക്കള്‍ മുസൈന, മഅദിന്‍ (ആറ് വയസ്സ്), മരുമകന്‍ ജുനൈദ് അറബി പട്ടര്‍കടവ്.സഹോദരങ്ങള്‍ ഹൈദര്‍ അലി, അശ്‌റഫ്, ശിഹാബ്, മുനീറ. അബു അരീഷ് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ജിസാനില്‍ തന്നെ മറവ് ചെയ്യും. അനന്തര നടപടികള്‍ക്കായി സഹോദരന്‍ ഹൈദര്‍ അലിയെ സഹായിക്കാന്‍ ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവുമായ ഹാരിസ് കല്ലായി, അബു അരീഷ് കെ എം സി സി പ്രസിഡന്റ് ഖാലിദ് പടല എന്നവര്‍ രംഗത്തുണ്ട്. മുഹമ്മദിന്റെ കൊലപാതക വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സഊദിയിലെ പ്രവാസികള്‍ ശ്രവിച്ചത്.