കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി വീടുകളില്‍ നിന്ന് ധനസമാഹരണം നടത്താന്‍ സംഘ്പരിവാര്‍. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണും രസീതുമായാണ് പിരിവു നടത്തുക. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ ഒരു മാസമാണ് ധനസമാഹരണ യജ്ഞം.

സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ ഇതിനായി സമിതികള്‍ രൂപവത്കരിക്കും. ജനുവരി ഏഴിന് സംസ്ഥാന സമിതി നിലവില്‍ വരും. എല്ലാറ്റിന്റെയും നിയന്ത്രണം ആര്‍എസ്എസിന്റെ കൈയിലായിരുിക്കും. മാതൃഭൂമിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംഭാവന നല്‍കുന്നവരുടെ പേരും മേല്‍വിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തണം. 10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും. തുക അതതു ദിവസം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റണം. ഗൃഹസമ്പര്‍ക്കത്തിലൂടെ ധനസമാഹരണത്തിനുപുറമേ രാഷ്ട്രീയപ്രചാരണമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത് എന്ന് മാതൃഭൂമി പറയുന്നു.