റിയാദ്: വിനോദ സഞ്ചാര, തീര്‍ത്ഥാടന മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നിര്‍ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന്‍ ഓഫ് ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി ചാനലും വെബ്‌സൈറ്റും ആരംഭിക്കുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് എസ്.സി.ടി.എച്ചിന്റെ പ്രസിഡണ്ട്.

സാംസ്‌കാരിക, വിവര വകുപ്പുമായി സഹകരിച്ചു കൊണ്ടുള്ള പുതിയ പദ്ധതി ദേശീയ പൈതൃകം, ടൂറിസം മേഖലകളില്‍ ചലച്ചിത്രങ്ങളടക്കമുള്ള മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും സൗദിയുടെ വിവിധ മേഖലകളുടെ വൈവിധ്യവും പ്രത്യേകതകളും വിശദീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഇതുവഴി മൂല്യങ്ങളില്‍ അധിഷ്ഠിതമായി ടൂറിസം മേഖലയെ പ്രമോട്ട് ചെയ്യും.

സാംസ്‌കാരിക മന്ത്രാലയം, സൗദി സംപ്രേഷണ കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് ആരംഭിക്കുന്ന ടി.വി ചാനല്‍ ‘ലൈവ് സൗദി അറേബ്യ’ എന്ന പേരിലുള്ളതാണ്. അടുത്ത ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ലോഞ്ച് ചെയ്യും.