അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം. ദേശീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് തോമസ് മാക്വാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 21-നാണ് ലേഖനം പുറത്തിറങ്ങുന്നത്.

ദേശീയപാര്‍ട്ടിയെ പരാജയപ്പെടുത്താനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണം. രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ക്രിസ്ത്യന്‍സമൂഹത്തിനു നേരെ നിരന്തര ആക്രമണം ഉണ്ടാവുന്നു. ഈ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായിരിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ലേഖനം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പള്ളി ഇടപെടരുതെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. എന്നാല്‍ ആദ്യമായല്ല താന്‍ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പുറത്തിറക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും വിശ്വാസി സമൂഹത്തിന് വേണ്ടി താന്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വളരെ കുറഞ്ഞ ക്രിസ്ത്യന്‍ വോട്ടുകളേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ഡിസംബര്‍ 18-നാണ്.