അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്‌സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലിരുന്ന യുവതി അര്‍ദ്ധ രാത്രിയോടെയാണ് മരിച്ചത്.

തൊഴില്‍ സ്ഥലത്തേക്ക് പോകുന്ന യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയ ആളാണ് ക്രൂരകൃത്യം ചെയ്തത്. അഹമ്മദാബാദില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള സയ്‌ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോകുകയായിരുന്നു നഴ്‌സായ യുവതി. ശന്തുഭായ് ദര്‍ബാര്‍ എന്ന ആളാണ് യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയത്. വാഹനത്തില്‍ വച്ച് ഇയാള്‍ യുവതിയോട് മോശമായി പെരുമാറുമകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ഓടികൊണ്ടിരിക്കുന്ന കാറില്‍നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

റോഡിലേക്ക് പതിച്ച യുവതിയ്ക്ക് തലയില്‍ സാരമായ പരിക്കേറ്റിരുന്നു. അവനര്‍ ജോലി ചെയ്തിരുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍തന്നെയാണ് ചികിത്സ നല്‍കിയത്. സംഭവത്തില്‍ ഐപിസി 302, 354 വകുപ്പ് പ്രകാരം കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.