ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ല്‍ കൂടുതല്‍ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിര്‍ദേശം നല്‍കി. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ നല്‍കിയ തുകയാണ് തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്.ബി.ഐ ശാഖകളിലെയും അഞ്ച് അനുബന്ധ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ വിവിധ സോണുകള്‍ക്ക് നിര്‍ദേശം നല്‍കി. 70,000ത്തോളം ഓഫീസര്‍മാരും മറ്റ് ജീവനക്കാരുമാണ് അനുബന്ധ ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ എസ്.ബി.ഐയില്‍ ഉണ്ടായിരുന്നത്.

2017 ഏപ്രില്‍ ഒന്നിനായിരുന്നു ലയനം യാഥാര്‍ത്ഥ്യമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്.ബി.ഐയുമായി ലയിച്ചത്. നോട്ട് നിരോധിച്ച കാലയളവില്‍, 2016 നവംബര്‍ 14നും ഡിസംബര്‍ 30നും ഇടയില്‍ വൈകീട്ട് 7 മണി കഴിഞ്ഞും ജോലി ചെയ്ത ജീവനക്കാര്‍ക്കാണ് പ്രതിഫലമായി കൂടുതല്‍ തുക നല്‍കിയത്. ഓഫീസര്‍മാര്‍ക്ക് 30,000 രൂപയോളവും ക്ലരിക്കല്‍ ജീവനക്കാര്‍ക്ക് 17,000 രൂപയോളവുമാണ് അധികമായി നല്‍കിയത്. നല്‍കിയ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.