കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനായി വാര്‍ത്താസമ്മേളനം നടത്താനെത്തിയ എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ പ്രസ് ക്ലബ്ബിലെത്തിയ ഏഴ് എസ്.ഡി.പി.ഐ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മൂന്നുപേരേയും കഴിഞ്ഞയുടന്‍ നാലുനേതാക്കളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. വലിയ പൊലീസ് സന്നാഹത്തോടെയാണ് പൊലീസ് എത്തിയിരുന്നത്. ഇവരെ പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.