ലണ്ടന്‍: അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ജയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷീന്‍ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.

ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ജയിംസ് ബോണ്ട് വേഷങ്ങളില്‍നിന്ന് പിന്മാറിയ ശേഷം ദി അണ്‍ടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡില്‍ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടര്‍ന്നു. 1986ല്‍ ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബര്‍ട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വേഷത്തില്‍ തിളങ്ങിയ കോണറി ദ റോക്ക് എന്ന ചിത്രത്തില്‍ 13 വര്‍ഷത്തിനു ശേഷവും അതേ തീവ്രതയോടെ സ്‌ക്രീനില്‍ നിറഞ്ഞുനിന്നു.