കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷ സേന. ഇതിനെതിരെ പൊലീസ് ദിലീപിന് നോട്ടീസയച്ചു. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷാ സംഘത്തിലെ പേരും വിവരങ്ങളും നല്‍കണമെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ രേഖകളും മറ്റും ഹാജരാക്കണമെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ സേനയുടെ പ്രവര്‍ത്തനകളും ദിലീപ് സുരക്ഷ തേടിയ സാഹചര്യവും പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിലെ സുരക്ഷാ ജീവനക്കാരാണ് ദിലീപിന് സംരക്ഷണം നല്‍കുന്നത്.
ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബോളിവുഡ് നടീനടന്മാര്‍ ഇത്തരത്തില്‍ സംരക്ഷണത്തിനായി സ്വകാര്യ ഏജന്‍സികളെ സുരക്ഷ ഒരുക്കാന്‍ സമീപിക്കാറുണ്ടെങ്കിലും മലയാള നടന്‍ സുരക്ഷക്കായി സ്വകാര്യ ആശ്രയിക്കുന്നത് ഇതാദ്യമാണ്. തണ്ടര്‍ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്.