ഡല്‍ഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനികളെ പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.
‘പീഡകരായ ഉദ്യോഗസ്ഥര്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ 20 വയസുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും പൊലീസുകാര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ ഞങ്ങളെ ഉപദ്രവിച്ചു… മോശമായി സ്പര്‍ശിച്ചു… ലൈംഗികമായി ഉപദ്രവിച്ചു. വ്യാജ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി’ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 17 വിദ്യാര്‍ഥികളെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ 11 പേരും പെണ്‍കുട്ടികളാണ്.
സന്‍സദ് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് വിദ്യാര്‍ഥികള്‍!ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, അവരെ തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, ജോലി തടസപ്പെടുത്തല്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലും 13 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്‍ഡ് ചെയ്തു. വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.