കോട്ടയം: വീടിന് മുന്നില്‍ കാറിലിരുന്ന് വെള്ളമടിച്ചത് ചോദ്യം ചെയ്തതിന് വീട് കയറി ആക്രമിച്ച സംഭവത്തില്‍ കോട്ടയം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു അറസ്റ്റില്‍. ആക്രമത്തിനിരയായ വീട്ടുകാരന്‍ സുകു നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയാണ് റിജേഷ് കെ ബാബു. നാലാം പ്രതി ജയകുമാറിനെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് അറസ്റ്റിനിടയായ സംഭവം. രാത്രി വീട്ടിന് മുന്നില്‍ കാര്‍ നിര്‍ത്തി വെള്ളമടിക്കുന്നതിനെ സുകു ചോദ്യം ചെയ്തു. വീട്ടിന് മുന്നില്‍ നിന്ന് മാറണമെന്ന് പറഞ്ഞപ്പോള്‍ റിജേഷ് അടക്കമുള്ള മൂന്നംഗ സംഘത്തിന്റെ അസഭ്യമാണ് തിരിച്ച് ലഭിച്ചത്. സംഗതി വഷളാവുന്നത് കണ്ട സുകു തിരിച്ച് വീട്ടിലേക്ക് പോയെങ്കിലും അസഭ്യവും ആക്രമണവുമായി വീട്ടിലുമെത്തി മൂവര്‍ സംഘം. പീന്നീട് തിരിച്ച് പോയ സംഘം ആളുകളെക്കൂട്ടി വീണ്ടുമെത്തി വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു എന്ന് ഗൃഹനാഥന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു മണിക്കൂറിനിടെ മൂന്നു തവണ ആക്രമണം ആവര്‍ത്തിച്ചെന്ന് സുകു പറഞ്ഞിരുന്നു.

സംഭവം വാര്‍ത്തയായതോടെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് സംഭവം നിഷേധിച്ചു. റിജേഷ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പറഞ്ഞ ജെയ്ക് ബിജെപിക്കാര്‍ സ്ഥലത്തെത്തിയിരുന്നുവെന്നും ആരോപിച്ചിരുന്നു.