ശാഹിദ് തിരുവള്ളൂര്‍

നേരിട്ടു ബന്ധമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട ചില ജോലികളിലായിരുന്നു, കഴിഞ്ഞ രണ്ടാഴ്ച. അതുകൊണ്ടാണ് ഈ കുറിപ്പും അതേക്കുറിച്ചാവട്ടെ എന്നു തോന്നിയത്..

ബജറ്റും നമ്മുടെ കോഴിക്കോടന്‍ ഹല്‍വയും തമ്മില്‍ ബന്ധമുള്ള കാര്യം എത്ര പേര്‍ക്കറിയാം. ബജറ്റ് അച്ചടിപ്രക്രിയ തുടങ്ങുന്നതു തന്നെ ഹല്‍വ സെര്‍മണിയോടെയാണ്. പാചകക്കാര്‍ വലിയ ചെമ്പില്‍ (കദായി എന്ന് സാങ്കേതിക ഭാഷ്യം) ഹല്‍വ വയ്ക്കും. ഡല്‍ഹി നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തിലാണ് ഈ സല്‍ക്കാരം നടക്കുക. കേന്ദ്ര ധനമന്ത്രി നേരിട്ടെത്തി ഹല്‍വ വിതരണം ഉദ്ഘാടിക്കും. ഹല്‍വയും തിന്ന് ഉദ്യോഗസ്ഥര്‍ അച്ചടി തുടങ്ങും. ഒരു കയ്യില്‍ ഒറിജിനല്‍ ഹല്‍വയും മറുകയ്യില്‍ ബജറ്റ് ഹല്‍വയും. കോഴിക്കോടന്‍ ഹല്‍വ എന്നത് വെറുതെ തള്ളിയതാണേ, രണ്ടിന്റെയും ക്രക്സ് ഹൽവയാണ് എന്നതിനപ്പുറം ബന്ധമൊന്നുമില്ല.

പക്ഷെ, ഹല്‍വയും തിന്ന് പുറത്തു പോകാമെന്നു കരുതണ്ട. ആര്‍ക്കും പുറത്തുപോകാനാകില്ല. ഫോണ്‍ പോലും ഔദ്യോഗിക ടെലിഫോണിലൂടെ മാത്രം. അതുതന്നെ 24/7 ഐ.ബി നിരീക്ഷണത്തിലും. ബജറ്റ് അവതരിപ്പിക്കുന്നതു വരെ എല്ലാവരും അവിടെത്തന്നെ. പുറത്തു നിന്നുള്ള പ്രവേശനവും അനുവദിക്കില്ല. ഇരുനൂറോളം പേര്‍ അവിടെയുണ്ടാകും. ഇവരുടെ കുടി, തീറ്റ, ചികിത്സ, ആംബുലൻസ് എല്ലാം സജ്ജീകരിക്കും. സദാ കാവലിനായി പൊലിസും ഇന്റലിജന്‍സ് ബ്യൂറോയും ഗേറ്റിലുണ്ടാവും. ഇതാണ് ‘ക്വോറന്റൈന്‍ ഏരിയ’ എന്നറിയപ്പെടുന്നത്.
പണ്ട് പകര്‍ച്ചവ്യാധികളുണ്ടായപ്പോള്‍ രോഗികളെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്ന പ്രദേശത്തെയാണ് ‘ക്വോറന്റൈന്‍’ എന്നു വിളിച്ചിരുന്നത്. ബജറ്റ് രോഗം ബാധിച്ചവരെ സര്‍ക്കാര്‍ ഇന്നും അപ്രകാരം ഒറ്റപ്പെടുത്തുന്നു. സമ്പൂര്‍ണ്ണ, രഹസ്യാത്മകത തന്നെ ലക്ഷ്യം. പൊതുവെ, 15 ദിവസമാണ് ഈ ഐസൊലേഷന്‍ വാര്‍ഡ്.

ഇന്ത്യയില്‍ ബജറ്റ് തയ്യാറാക്കുന്നത് ധനമന്ത്രാലയമാണ്. സാമ്പത്തിക കാര്യ വകുപ്പിനു കീഴിലെ ബജറ്റ് ഡിവിഷന്‍ എന്ന വിഭാഗത്തിനാണ് ബജറ്റ് നിര്‍മാണത്തിന്റെ നേരിട്ടുള്ള ചുമതല. മറ്റു മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍, നീതി ആയോഗ് തുടങ്ങിയവരുമായി ചര്‍ച്ച ചെയ്താണ് അന്തിമരൂപം നല്‍കുന്നത്. ഈ ബജറ്റ് രേഖയാണ് ക്വോറന്റൈനിലേക്കു നീങ്ങുന്നത്. ഇതിന്റെ അച്ചടിപ്രവൃത്തികള്‍, റിവ്യു, എഡിറ്റിങ്, അന്തിമമായി ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥരുടെ കീഴിലെ മീഡിയ വർക്സ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ അവിടെ നടന്നുവരുന്നു. വെട്ടലും തിരുത്തലുമൊക്കെ കഴിഞ്ഞ് ബജറ്റ് ദിനത്തിന്റെ തൊട്ടുതലേന്ന് രാത്രി 11 മണിക്കാണ് ഒടുവിലത്തെ അച്ചടി ആരംഭിക്കുന്നത്. അര്‍ധരാത്രിയോടെ ഇത് ധനമന്ത്രിയുടെ കൈകളിലെത്തും. പൊതുവെ ധനമന്ത്രി അതൊരു നല്ല തോല്‍പെട്ടിയിലാക്കി പാര്‍ലമെന്റിലേക്ക് വരും.

എന്തിന് തോല്‍പെട്ടി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ബജറ്റ് എന്ന വാക്കില്‍ തന്നെയുണ്ട്. ഈ വാക്കു വന്നത് bulga എന്ന ലാറ്റിൻ വാക്കില്‍ നിന്നാണ്. തോല്‍സഞ്ചി എന്നാണ് ഈ വാക്കിന്റെ അര്‍ഥം. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചാന്‍സലര്‍ ബജറ്റ് അവതരണം open budget (തോൽപെട്ടി തുറക്കൂ)എന്നു പറഞ്ഞു തുടങ്ങി; അതില്‍ പിന്നെ എല്ലാവരും അതു കോപ്പി ചെയ്തു. ഇന്ത്യക്കാരുടെ കാര്യം പറയേണ്ടല്ലോ. ഇന്ത്യയില്‍ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തിച്ചിരുന്നത്. 1947ലെ ആദ്യ ബജറ്റ് മുതൽ ഈ ബ്രീഫ്കേസിലാണ് ബജറ്റ് സഭയിലെത്തുന്നത്. സാധാരണ ബൗൺ നിറത്തിലുള്ള ബാഗ് ആണ് ഉപയോഗിച്ചു വരുന്നതെങ്കിലും 1991ൽ രാജ്യം തകർച്ച നേരിട്ട സമയത്തു മന്മോഹൻ സിങ് അവതരിപ്പിച്ച ഐതിഹാസിക ബജറ്റ് കൊണ്ടുവന്നത് കറുത്ത ബ്രീഫ്കേസിലായിരുന്നു. ജവഹർലാൽ നെഹുറുവും യശ്വന്ത് സിൻഹയും കറുത്ത പെട്ടി കൊണ്ടുവന്നിട്ടുണ്ട്. പ്രണബ് മുഖർജി ഒരിക്കൽ ബജറ്റ് കൊണ്ടുവന്നത് ചുവന്നപെട്ടിയിലായിരുന്നു. എന്നാലിത്തവണ 89th ബജറ്റിൽ ബ്രീഫ് കേസ് ചരിത്രം തന്നെ മാറ്റിയിരിക്കുകയാണ് നിര്‍മലാ സീതാരാമൻ.
ചുവന്ന തുണിയില്‍ പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാര്‍ലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ച ചുവന്ന തുണി.

ഏതായാലും ബജറ്റുമായി ധനമന്ത്രി പാര്‍ലമെത്തുന്നതോടെയാണ് എസൊലേഷന്‍ വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി ശ്വാസംവിടുക. 
ഹാവൂ, ഇനി നിർത്തി വീട്ടിൽ പോകാം ലേ…