Connect with us

Video Stories

സാമ്പത്തിക ട്രപ്പീസ്

Published

on

അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാലബജറ്റ് പരിശോധിക്കുമ്പോള്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന വാചകമാണ് ഓര്‍മവരുന്നത്. കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം കൊണ്ട് രാജ്യത്തെ സകലരംഗത്തും പിന്നോട്ടുവലിച്ചൊരു സര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിന്റെ പതിനൊന്നാംമണിക്കൂറില്‍ കണ്ണില്‍പൊടിയിടലുമായി ജനത്തിനുമുമ്പില്‍ അവതരിച്ചതിനെ തട്ടിപ്പെന്നല്ലാതെ ഈ ബജറ്റിനെ അഭിനന്ദിക്കാന്‍ ഒരു നിര്‍വാഹവുമില്ല. ചില നിയമസഭാതിരഞ്ഞെടുപ്പുകളിലും ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികളെ എങ്ങനെ നേരിടാം എന്നതിന്റെ ബുദ്ധിപൂര്‍വകമായ പരീക്ഷണമാണ് മോദിസര്‍ക്കാരിന്റെ 2018-19ലെ ഇടക്കാല ബജറ്റ്. മുഴുവന്‍ ബജറ്റ് അവതരിപ്പിക്കേണ്ടത് ജൂലൈയില്‍ പുതിയ സര്‍ക്കാരാണെന്നിരിക്കെ എന്തുവേണമെങ്കിലും എങ്ങനെയും പ്രഖ്യാപിക്കാം എന്നാണ് ധനകാര്യമന്ത്രിയുടെ ചുമതലവഹിക്കുന്ന മന്ത്രി പീയൂഷ്‌ഗോയല്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. വൃഥാപദ്ധതികളുടെ പെരുമഴയാണ് ബജറ്റ് നിറയെ. ഇടത്തരക്കാരെ പരമാവധി സുഖിപ്പിച്ചും കര്‍ഷകരെ പരിഹസിച്ചും എല്ലാരംഗത്തെയും തൊട്ടുതലോടിയെന്ന് വരുത്തി നടത്തിയിരിക്കുന്ന സാമ്പത്തികവ്യായാമത്തെ ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട’് എന്നല്ലാതെ എന്തുപേരിലാണ് വിശേഷിപ്പിക്കേണ്ടത്. ഇതുവഴി 75000 കോടിയുടെ പുതിയ നികുതിഭാരം പുതിയ സര്‍ക്കാരിന്റെ തലയിലിട്ട് രക്ഷപ്പെടുകയാണ് നരേന്ദ്രമോദിയും ഗോയലും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ഭരണം ഏതായാലും കിട്ടാന്‍ പോകുന്നില്ല, പോകുന്ന പോക്കിന് വല്ലവന്റെയും തലക്കിടുക എന്ന തന്ത്രമാണ് എന്‍.ഡി.എ. സര്‍ക്കാര്‍ പയറ്റിയിരിക്കുന്നത്.
മൂന്നുകോടി വരുന്ന ഇടത്തരം വരുമാനക്കാരെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയ ബജറ്റ് രാജ്യത്തെ എണ്‍പത് ശതമാനത്തോളം വരുന്ന കര്‍ഷക-ചെറുകിട വ്യാപാര-തൊഴിലാളിമേഖലയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ആദായനികുതി ഒടുക്കാനുള്ള പരിധി പ്രതിവര്‍ഷത്തെ രണ്ടര ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏക ആശ്വാസമെങ്കില്‍ മറ്റുള്ള വിഭാഗങ്ങളുടെ കാര്യത്തില്‍ കാര്യമായ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഗ്രാറ്റുവിറ്റി തുക 30 ലക്ഷമാക്കി കൂട്ടിയതും പാവപ്പെട്ടവരോടുള്ള വിരോധമാണ്. 12കോടി ചെറുകിട കര്‍ഷകര്‍ക്ക് മെച്ചം ലഭിക്കുന്ന, പ്രതിമാസം 500 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഇടുമെന്നതാണ് മറ്റൊരു പദ്ധതി. വര്‍ഷം മൂന്നുതവണയായാണ് പണം നിക്ഷേപിക്കുക എന്ന് ധനമന്ത്രി പറയുന്നു. മോദിസര്‍ക്കാര്‍ കഴിഞ്ഞ കാലത്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍ പദ്ധതിയുടെ പരിഹാസ്യമായ രൂപമാണിത്. സ്വന്തം വിളക്ക് ചെലവിന്റെ ഒന്നരയിരട്ടി വില ലഭ്യമാക്കണമെന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഔദ്യോഗികമായി തള്ളിക്കളയുകയാണ് ഇതിലൂടെ മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വില ലഭ്യമാക്കി അവരുടെ ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് മോദിയും കൂട്ടരും ചേര്‍ന്ന് അവരെ വെറും പെന്‍ഷന്‍കാരാക്കി ചിത്രീകരിക്കുന്ന ഈ ഏര്‍പ്പാട്. രണ്ടുഹെക്ടര്‍ (ഏകദേശം അഞ്ച് ഏക്കര്‍ ) വരെ കൃഷിഭൂമിയുള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കേരളത്തിലെ പോലെ ചെറുകിടകര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഇത് എത്രകണ്ട് ഗുണംചെയ്യുമെന്നും മറിച്ച് ഇത് ആര്‍ക്കാണ് കൂടുതല്‍ ഗുണപ്പെടുക എന്നും പരിശോധിക്കുന്നത് ഗുണകരമാകും. അഞ്ചേക്കര്‍ കൃഷിയുള്ള ആള്‍ക്ക് പ്രതിദിനം വെറും 17 രൂപ ലഭിക്കുക എന്നത് എത്ര അപ്രായോഗികവും പരിഹാസ്യവുമാണ്. രാജ്യത്തെ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം തെരുവിലിറങ്ങിയപ്പോളാണ് ഈ വൃഥാവ്യായാമം. കള്ളപ്പണം പിടിച്ച് 15 ലക്ഷംരൂപ ഓരോ ബാങ്ക്അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞവരാണിവരെന്നത് ഓര്‍ക്കുമ്പോള്‍ ചിരിവരിക സ്വാഭാവികം.
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പ്രവാസിക്ഷേമം തുടങ്ങിയ നിര്‍ണായകമേഖലകളില്‍ യാതൊന്നും പുതുതായി പ്രഖ്യാപിക്കാന്‍ കഴിയാത്ത ബജറ്റ് പ്രതിരോധത്തിന് മൂന്നുലക്ഷം കോടി നീക്കിവെച്ചതായി പറയുന്നുണ്ടെങ്കിലും അതെങ്ങനെയാണ് ജനക്ഷേമത്തിന് പ്രയോജനകരമാകുക എന്ന് വിശദീകരിക്കണം. വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ രണ്ടുശതമാനം കുറവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് പൊറുതി മുട്ടുന്ന ചെറുകിടകച്ചവടമേഖലക്ക് ഇനിയും മുന്നോട്ടുവരാനാവില്ലെന്നാണ് ബജറ്റിലെ സൂചന. 45 കൊല്ലത്തിലിതാദ്യമായി രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ അനുഭവിക്കുകയാണ് ഇപ്പോഴെന്ന് കഴിഞ്ഞദിവസമാണ് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നിട്ടും യാതൊരു വിധ പുനരുദ്ധാരണപദ്ധതിയുടെ സര്‍്ക്കാര്‍ തൊഴിലവസരങ്ങളുടെ മേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല. വര്‍ഷം രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഉണ്ടാക്കിയ തൊഴില്‍നഷ്ടത്തിന്റെ ദേശീയസാമ്പിള്‍സര്‍വേറിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അവരത് മുക്കുകയായിരുന്നു. 6.1 ശതമാനമാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക്. നോട്ടുനിരോധനത്തിന് ശേഷമുള്ള ആദ്യതൊഴില്‍ റിപ്പോര്‍ട്ടാണിത്. നേരത്തെതന്നെ സമ്പന്നരെയുംതിരഞ്ഞെടുപ്പിന് വേണ്ടി ഇടത്തരക്കാരെയും സുഖിപ്പിക്കുന്ന മോദിസര്‍ക്കാരിന്റെ പക്കല്‍ ഇതിനൊരു പരിഹാരവുമില്ലെന്നുള്ളതാണ് ഈ ബജറ്റും വിളിച്ചുപറയുന്നത്. അഴിമതിയുടെ കറപുരളാത്ത സര്‍ക്കാരാണിതെന്ന് അവകാശപ്പെടുന്ന ഗോയല്‍ നാല്‍പതിനായിരം കോടിയുടെ റഫാല്‍ കുംഭകോണത്തെ ജനം മറക്കുമെന്ന് സ്വപ്‌നം കാണുകയാണ്.
അസംഘടിത മേഖലക്ക് നല്‍കുമെന്ന് പറയുന്ന പെന്‍ഷന് നീക്കിവെച്ച തുകയാണ് മറ്റൊരു പരിഹാസ്യത. പത്തുലക്ഷം തൊഴിലാളികള്‍ക്ക് 500 കോടി രൂപ ! ഭാരം സംസ്ഥാനങ്ങളുടെ തലക്കിടുകയാണ് ഇതിലെ ഉന്നം. പശുസംരക്ഷണത്തിന് 750 കോടി രൂപ നീക്കിവെച്ചതും സിനിമാനിര്‍മാണത്തിന് ഏകജാലകം നടപ്പാക്കുന്നതും പൊതുമേഖലാബാങ്കുകളുടെ ഓഹരിവില്‍പന തുടരുമെന്ന് പറയുന്നതുംആരെയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതിദിനം 27 കിലോമീറ്റര്‍ റോഡ് എന്നതിനെയും മലര്‍പൊടിക്കാരന്റെ സ്വപ്‌നമായേ വിശേഷിപ്പിക്കാനാകൂ. പദ്ധതികള്‍ വേണ്ടത്ര അവധാനതയോടെ പഠിച്ച ശേഷമല്ല ബജറ്റ് തട്ടിക്കൂട്ടിയതെന്ന് വേണം ഇതിലൂടെ അനുമാനിക്കാന്‍. തൊഴിലുറപ്പ് പദ്ധതിപോലെ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ക്ക് സമാനം ഒരൊറ്റ പതാകവാഹകപദ്ധതിപോലും ഈ ബജറ്റിലില്ല . ഡിജിറ്റല്‍ ഗ്രാമപദ്ധതിയും 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള മൂവായിരംരൂപയുടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും വൈദ്യുതികണക്ഷനും വ്യക്തതയില്ലാത്തതാണ്. സര്‍വേകള്‍പ്രകാരം മോദിസര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ലെന്ന് വ്യക്തമായിരിക്കെ നടത്തിയിരുന്ന മോദി-ഗോയലാദികളുടെ സാമ്പത്തികട്രപ്പീസ് ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ തിരിച്ചറിയാന്‍ മാസങ്ങള്‍ മാത്രമേയുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending