ദുബൈ: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള ലോക നേതാക്കളില്‍ ഒരാളാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവിധ സമൂഹ മാധ്യമങ്ങളില്‍ ശൈഖ് മുഹമ്മദിന്റെ ഫോളോവര്‍മാരുടെ എണ്ണം 15 ദശലക്ഷം കവിഞ്ഞിട്ടുണ്ട്. 7.2 ദശലക്ഷമാണ് ട്വിറ്റര്‍ ഫോളോവര്‍മാരുടെ എണ്ണം. ഫേസ്ബുക്കില്‍ 3.3 ദശലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 2.1 ദശലക്ഷവും പിന്തുടര്‍ച്ചക്കാരുണ്ട്. ഗൂഗിള്‍ പ്ലസില്‍ 950,000 പേരാണ് ശൈഖ് മുഹമ്മദിനെ പിന്തുടരുന്നത്.

 

അതേസമയം ശൈഖ് മുഹമ്മദിന്റെ ലിങ്ഡ് ഇന്‍ ഫോളോവര്‍മാരുടെ എണ്ണം 2016ല്‍ ഇരട്ടിയായി. 10 ലക്ഷമാണ് ഇപ്പോഴത്തെ പിന്തുടര്‍ച്ചകാര്‍. ലിങ്ക്ഡ് ഇന്‍ ഫോളോവര്‍മാരുടെ അടിസ്ഥാനത്തില്‍ ഏറ്റവും സ്വാധീനമുള്ള 10 ആഗോള രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശൈഖ് മുഹമ്മദ്. 400 ദശലക്ഷം ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനുള്ളത്. 2016ല്‍ ശൈഖ് മുഹമ്മദ് പ്രസിദ്ധീകരിച്ച് അഞ്ച് ലേഖനങ്ങള്‍ക്കും 1.5 ദശലക്ഷത്തിലേറെ തവണ കാഴ്ചക്കാരുണ്ടായി.
ഇയര്‍ ഓഫ് ഗിവിംഗ് ലോഞ്ചിനോടനുബന്ധിച്ച് എഴുതിയ ലേഖനമാണ് അതിലൊന്ന്. അന്താരാഷ്ട്ര സഹിഷ്ണുത ദിനത്തോടനുബന്ധിച്ച് നവംബര്‍ 16ന് പ്രസിദ്ധീകരിച്ച സഹിഷ്ണുത സന്ദേശം അപ്രതീക്ഷിതമായ എണ്ണം വായനക്കാര്‍ വീക്ഷിച്ചു. സന്തോഷത്തിനും സഹിഷ്ണുതക്കും മന്ത്രിമാര്‍ എന്തിന്? ലേഖനത്തിന് അഞ്ച് ലക്ഷത്തിലേറെ കാഴ്ചക്കാരുണ്ടായിരുന്നു. ദുബൈ ക്രീക്കിനെ സംബന്ധിച്ചും ശൈഖ് മുഹമ്മദിന്റെ ലേഖനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.