ന്യൂഡല്‍ഹി: കൊല്‍ക്കത്ത ടെസ്റ്റില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയുടെ മകള്‍ ഐ.സി.യു.വില്‍ കിടക്കുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് നായകന്‍ വിരാട് കോഹ്‌ലി. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷമാണ് ഷമിയെ കുറിച്ച് കോഹ്ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊല്‍ക്കത്ത ടെസ്റ്റിനിടയിലാണ് ഷമിയുടെ മകളെ പനിയും ശ്വാസതടസവും കാരണം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്്. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കാനിരിക്കെയാണ് ഷമി മകളുടെ അവസ്ഥ അറിയുന്നത്. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലേക്ക് കുതിക്കുകയും പിന്നീടുള്ള ഓരോ ദിവസവും കളി കഴിഞ്ഞ് തന്റെ മകളുടെ അരികിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ടീം അംഗങ്ങളെ അറിയിച്ചിരുന്നില്ല. മത്സരത്തില്‍ ആറ് വികറ്റ് വീഴ്ത്തി ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കാണ് താരം നടത്തിയത്.