ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും കോവിഡ് കൈകാര്യം ചെയ്ത രീതിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന് പറഞ്ഞാണ് അദ്ദേഹം കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയത്.

നോട്ടുനിരോധനം, അശാസ്ത്രീയ ചരക്കു സേവന നികുതി, കോവിഡ് എന്നിവ പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിക്കുന്നതും അപ്പോള്‍ ദൈവത്തിന്റെ കളിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നതുമായ കാര്‍ട്ടൂണാണ് തരൂര്‍ പങ്കുവച്ചത്. ഇന്ത്യ പറയുന്നു, ഇനി ബി.ജെ.പി വേണ്ട എന്ന ഹാഷ്ടാഗും തരൂര്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എല്ലാം ദൈവത്തിന്റെ കളിയാണ് എന്ന് സാമ്പത്തിക മേഖലയിലെ തകര്‍ച്ചയെ കുറിച്ച് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണ്. അത് ജി.എസ്.ടിയെ സാരമായി ബാധിച്ചു എന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് വരുന്നതിന് മുമ്പു തന്നെ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2.35 ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങള്‍ക്ക് നടപ്പുവര്‍ഷം ഉണ്ടാകാന്‍ പോകുന്നതെന്നാണ് കണക്ക്. ജി.എസ്.ടി നടപ്പാക്കുന്നത് മൂലമുള്ള നഷ്ടം നികത്താന്‍ പണം നല്‍കാമെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. ഇപ്പോള്‍ വായ്പയെടുക്കാന്‍ അനുവദിക്കാം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രം മുമ്പോട്ടു വച്ചിട്ടുള്ളത്.