തിരുവനന്തപുരം: ജനീവ സന്ദര്‍ശനവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

അര മണിക്കൂര്‍ സമയം താന്‍ ജനീവയില്‍ നടത്തിയ ചര്‍ച്ചകളെപ്പറ്റി മുഖ്യമന്ത്രിയോട് ചര്‍ച്ച നടത്തി. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ ഭാവിയെക്കുറിച്ച് വിശദമായി സംസാരിച്ചുവെന്നും തരൂര്‍ പറഞ്ഞു. കേരളം ഇനിയൊരു ദുരന്തം സംഭവിക്കാത്ത വിധം പുനര്‍നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും തരൂര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ, വിദേശത്തേക്ക് പോകുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാന്‍ തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. സുനന്ദപുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് തരൂരിന് വിദേശത്തേക്ക് പോകുന്നതില്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി കോടതി ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

കേരളത്തിനായി സഹായം തേടി ഐക്യരാഷ്ട്രസഭയെ സമീപിക്കാനാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. യു.എന്‍ പ്രതിനിധികളുമായി സംസാരിച്ചുവെന്ന് തരൂര്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിനിധിയായല്ല തരൂര്‍ ജനീവയിലേക്ക് പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.