ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അല്‍പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി വിട്ട് എസ്.പിയില്‍ ചേരുമെന്നാണ് വിവരം.

ബിഹാറിനോട് അടുത്ത പ്രദേശമെന്നതും സ്വന്തം സമുദായമായ കായസ്ഥകളുടെ പിന്തുണയുമാണ് സിന്‍ഹയെ മണ്ഡലത്തിലേക്ക് പരിഗണിക്കാന്‍ സമാജ് വാദി പാര്‍ട്ടിയെ പ്രേരിപ്പിക്കുന്ന ഘടകം. വരാണാസിയില്‍ സിന്‍ഹയെ പിന്തുണക്കണമെന്ന ആവശ്യവുമായി എസ്.പി നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ശത്രുഘനന്‍ സിന്‍ഹയെ ഡല്‍ഹിയില്‍ മത്സരിപ്പിക്കാന്‍ ആപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ മണ്ഡലത്തില്‍ മത്സരത്തിനെത്തുന്നുവെന്ന വാര്‍ത്ത വലിയ ആഹ്ലാദ പൂര്‍വാണ് എസ്.പി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിന്‍ഹ മത്സരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.