ദുബൈ: വൃത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ചെറുകിട സ്റ്റാളുകള്‍ അടച്ചു പൂട്ടിയെങ്കിലും ഷവര്‍മ വില വര്‍ധിക്കുകയോ ലഭ്യതക്കുറവ് അനുഭവപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതര്‍. ജനപ്രിയ ഭക്ഷ്യ ഇനം പുതിയ നിയമം നടപ്പാക്കിയതോടെ കൂടുതല്‍ സുരക്ഷിതമായെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. വൃത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഷവര്‍മ ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ നിയമത്തിന്റെ ഭാഗമായി ഒക്ടോബര്‍ 31 അവസാനിച്ച സമയപരിധി പാലിക്കാന്‍ ആറു മാസമാണ് മുനിസിപ്പാലിറ്റി അനുവദിച്ചിരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 113 ഷവര്‍മ സ്റ്റാളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തി. 141 ഷോപ്പുകള്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഷവര്‍ വില്‍പ്പനക്കുള്ള അനുമതി റദ്ദാക്കിയതായും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. മൊത്തം ദുബൈയിലുള്ള 572 ചെറുകിട ഇടത്തരം ഷവര്‍മ സ്റ്റാളുകളുടെ 45 ശതമാനവും ഇത്തരത്തില്‍ അടച്ചു പൂട്ടിയിട്ടുണ്ട്.