kerala

ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും

By webdesk18

April 21, 2025

നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസില്‍ അന്വേഷണ സംഘം എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. താരം നല്‍കിയ മൊഴി കമ്മീഷണറുടെ സാന്നിധ്യത്തില്‍ വിശദമായി പരിശോധിക്കും.

ഇന്ന് വീണ്ടും ചൊദ്യംചെയ്യലിന് ഹാജരാകേണ്ടിയിരുന്ന ഷൈനിനോട് പൊലീസ് അറിയിക്കുന്ന മുറയ്ക്ക് മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോണ്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ചോദ്യം ചെയ്യലിനുള്ള പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെയും ഇടപാടുകളുടേയും തെളിവടക്കം ശേഖരിച്ച ശേഷമായിരുന്നു കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഷൈനിനെ പൊലീസ് വിളിച്ചുവരുത്തിയത്. മറുപടിയില്‍ വൈരുധ്യമുണ്ടാവുമ്പോഴും പൊലീസ് വാദങ്ങള്‍ നിഷേധിക്കുമ്പോഴും കൈയിലുള്ള തെളിവുകള്‍ നിരത്തി അന്വേഷണ സംഘം ഷൈനിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.