ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച രണ്ട് തവണയാണ് അസുഖത്തെ തുടര്‍ന്ന് ആബെ ആശുപത്രിയില്‍ ചികല്‍സ തേടിയത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആബെ രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് ജപ്പാനിലെ ടെലിവിഷന്‍ ചാനലായ എന്‍.എച്ച്.കെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രിയായിഎന്ന റെക്കോര്‍ഡും ആബെയ്ക്ക് സ്വന്തമാണ്. 2006-ലാണ് ആബെ ആദ്യമായി ജപ്പാന്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഒരു വര്‍ഷത്തിനു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞു. പിന്നീട് 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഡിസംബര്‍ മുതല്‍ ആബെ ജപ്പാന്‍ പ്രധാനമന്ത്രിയാണ്. 2017 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആബെയുടെ പാര്‍ട്ടി വന്‍വിജയം നേടി. നാലാംവട്ടവും അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി. 2021 ഓഗസ്റ്റ് വരെ അദ്ദേഹത്തിനു പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള കാലാവധി ഉണ്ടായിരുന്നു.