ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് യൂട്യൂബര്‍ ജയ് പാല്‍ഫ്രെ ഇസ്ലാം സ്വീകരിച്ചു. തുര്‍ക്കിയിലെ സുലൈമാനിയ മസ്ജില്‍ വച്ച് ശഹാദത്ത് കലിമ (സത്യവാചകം) ചൊല്ലി ഇസ്ലാം സ്വീകരിക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ചാനലില്‍ പോസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറാണ് ഇദ്ദേഹം.

ഞാന്‍ മുസ്‌ലിമായി, എന്റെ ശഹാദത്ത് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ മുപ്പത് ലക്ഷത്തോളം പേരാണ് ആ വീഡിയോ കണ്ടത്. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇദ്ദേഹം മുസ്‌ലിം രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളിലൂടെയാണ് ഇസ്ലാമിനെ കണ്ടെത്തിയത്.

വീഡിയോ ഷെയര്‍ ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ തന്റെ യാത്രയില്‍ ഒരുപാട് പേര്‍ സമാധാനവും പ്രചോദനവും ഉള്‍ക്കൊണ്ടതു കൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത് എന്നും ജയ് വ്യക്തമാക്കി. ഇസ്‌ലാം സ്‌നേഹവും സമാധാനവുമാണ് എന്നും അദ്ദേഹം പറയുന്നു.

ഇസ്‌ലാമിനെ കുറിച്ച് കുറേക്കാലമായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ലണ്ടനില്‍ താമസിക്കുന്ന കാലത്ത് ഇസ്‌ലാമിനെ കുറിച്ച് നെഗറ്റീവ് വിവരങ്ങളാണ് ഉണ്ടായിരുന്നത്. യു.കെയില്‍ മതത്തെ കുറിച്ച് പ്രതിലേമകരമായ ചിത്രമാണ് ഉള്ളത്. അവര്‍ ഭീകരരായാണ് ചിത്രീകരിക്കപ്പെടുന്നത്. യാത്രകളിലൂടെയാണ് താന്‍ ഇസ്‌ലാമിനെ കണ്ടെത്തിയത്. കുടുംബം നല്ല പിന്തുണയാണ് തനിക്ക് നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.