മലപ്പുറം: കാസര്‍കോട് പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്‌റസാധ്യാപകനുമായ റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കൊലപാതകത്തിന്റെ തൊട്ടുമുമ്പ് മംഗലാപുരം എം.പി നളിന്‍കുമാര്‍ കട്ടില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കണം. മൗലവിയുടെ കൊലപാതകത്തിന് പിന്നില്‍ മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്ന പൊലീസ് ഭാഷ്യം അവിശ്വസനീയമാണ്.

പ്രതികളായ മൂന്നുപേരും ആര്‍.എസ്.എസ് ശാഖകളില്‍ പ്രവര്‍ത്തിച്ചതിന്റെ പൂര്‍ണതെളിവുകള്‍ പുറത്തുവന്നിട്ടും നേതൃത്വത്തിന്റെ പങ്ക് അന്വേഷണ വിധേയമാക്കാത്തതില്‍ ദുരൂഹതയുണ്ട്. സമീപകാലത്ത് ആര്‍.എസ്.എസ് നടത്തിയ പല കൊലക്കേസുകളിലും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അനുകൂല സാഹചര്യങ്ങള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്ന ആക്ഷേപം ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. റിയാസ് മൗലവി വധവും തിരൂരിലെ ആമപ്പാറ യാസിര്‍ വധം, കൊടിഞ്ഞിയിലെ ഫൈസല്‍ വധം എന്നിവയെല്ലാം നടത്തിയിട്ടുള്ളത് മുസ്‌ലിംഭൂരിപക്ഷ പ്രദേശങ്ങളിലാണ്. തികഞ്ഞ സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ത്ത് തീവ്രനിലപാടുള്ള ആളുകളെ പ്രകോപിതരാക്കി വര്‍ഗീയകലാപം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.