ഒരു സാമ്പത്തിക വര്‍ഷം കാലയവനികയില്‍ മറയാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ചരിത്രത്തിലെ ദയനീയമായ സ്ഥിതിയില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54.88 ശതമാനമെന്ന കുറഞ്ഞ നിലയിലാണ് ഇന്നലെ വരെയുള്ള പദ്ധതി നിര്‍വഹണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.29 ശതമാനവും 2014-15 ല്‍ 68.37 ശതമാനവും 2013-14 ല്‍ 79.89 ശതമാനവും 2012-13 ല്‍ 89.72 ശതമാനവുമായിരുന്നു സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതിപുരോഗതി. 2016-17 ലെ ബജറ്റില്‍ മൊത്തം 24,000 കോടിയാണ് 41 വകുപ്പുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ 13,171.8 കോടി രൂപ മാത്രമാണ് ചെലവിട്ടത്. മുന്‍വര്‍ഷം അനുവദിച്ച 20,000 കോടിയില്‍ 16,458 രൂപയും ചെലവിടാനായത് മുന്‍സര്‍ക്കാറിന്റെ കാലത്തെ മികച്ച സാമ്പത്തിക നിര്‍വഹണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്.

ഇനി നാലു ദിവസം കൊണ്ട് എതൊക്കെ രീതിയില്‍ പണം ചെലവിട്ടാലും 60 ശതമാനം കടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പണം കാരി ഓവര്‍ ചെയ്യേണ്ടി വരും. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കുന്ന അലംഭാവം അവസാനിപ്പിക്കാന്‍ കാരി ഓവര്‍ സമ്പ്രദായം മുന്‍കാലങ്ങളില്‍ അനുവദിക്കാറുണ്ടായിരുന്നില്ല. കാരി ഓവര്‍ അനുവദിക്കുമെന്ന ധനമന്ത്രി സൂചന നല്‍കിയതോടെ പദ്ധതി നിര്‍വഹണം വീണ്ടും മന്ദഗതിയിലാകുമെന്നതാണ് സത്യം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവും പിന്നോക്കമാണ്, വെറും 48.69 ശതമാനം. കഴിഞ്ഞ മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് ഇത് 71.48 ശതമാനമാണ്.
ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ വിഹിതം ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്നില്‍. 156.85 ശതമാനമാണ് വകുപ്പിന്റെ ഫണ്ടു വിനിയോഗം. അനുവദിച്ചത് 1286.04 കോടിയാണെങ്കില്‍ 2017.10 കോടി രൂപ വകുപ്പ് ചെലവിട്ടു. കഴിഞ്ഞ വര്‍ഷവും മരാമത്തുവകുപ്പായിരുന്നു മുന്നില്‍. ഏറ്റവും കൂടുതല്‍ പണം അനുവദിക്കുന്നത് മരാമത്തു, ജലവിഭവം, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്കാണ്. ഫണ്ട് വിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുകളുടെ കാര്യക്ഷമത കണക്കാക്കുന്നത്. രണ്ടാം സ്ഥാനം ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പിനാണ്, 100.42 ശതമാനം. 18.80 കോടി അനുവദിച്ചതില്‍ 18.88 കോടിയും ചെലവിട്ടു. മൂന്നാം സ്ഥാനം കായികവകുപ്പിനാണ്. 89.30 ശതമാനം. സംസ്ഥാനത്തിന്റെ ഖജനാവ് നിയന്ത്രിക്കുന്ന ധനവകുപ്പിനാണ് നാലാം സ്ഥാനം. 89.08 ശതമാനം.
ഫണ്ട് വിനിയോഗം കുറഞ്ഞതോടെ സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ സജീവമാകും. മുന്‍കാലങ്ങളില്‍ കൃത്യമായ നടപടികളിലൂടെ മാര്‍ച്ച് 31 ലെ ട്രഷറികളിലെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി ധനകാര്യവിദഗ്ധനായ തോമസ് ഐസക് കൈകാര്യം ചെയ്യുന്നതിനാല്‍ ട്രഷറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് സാരം. മുന്‍കാലങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ആരോഗ്യവകുപ്പ് ഇക്കുറി ഫണ്ട് വിനിയോഗത്തില്‍ ബഹുദൂരം പിന്നിലായി. 63.53 ശതമാനം. മത്സ്യബന്ധനം(87.32 ശതമാനം), സഹകരണം(65.51 ശതമാനം), പൊതുഭരണം(70.68 ശതമാനം), തൊഴില്‍(70.98), ടൂറിസം(65.11) വകുപ്പുകളും ഫണ്ട് വിനിയോഗത്തില്‍ മുന്നിലാണ്. ഒരു രൂപ പോലും ചെലവഴിക്കാത്ത നിയമവകുപ്പാണ് പിന്നില്‍.