ന്യൂഡല്‍ഹി: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഐ എം ആസ്ഥാനമായ എകെജി ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വൈകുന്നേരം കേരള ഹൗസില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എകെജി ഭവനു മുന്നില്‍ എത്തിയത്.

കേരളത്തില്‍ സിപിഎം തുടര്‍ന്ന് പോരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യന്‍ സെല്ല് സെക്രട്ടറി ശ്രീ സി പ്രതാപന്‍ പറഞ്ഞു. ശുഹൈബിന്റെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെങ്കില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ കെ.എന്‍ ജയരാജ്, ഡോ സിമ്മി ജോസഫ്, അരുണ്‍ ചങ്ങനാശ്ശേരി എന്നിവര്‍ സംസാരിച്ചു.