ലക്‌നൗ : യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാന നില തകരാറിലാക്കാന്‍ സിദ്ദീഖ് കാപ്പന്‍ ശ്രമിച്ചെന്ന് യുപി സര്‍ക്കാര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു. അഭിഭാഷകര്‍ക്ക് കാപ്പനെ ജയിലില്‍ കാണാന്‍ തടസമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള സൂചനകള്‍ ലഭിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. തെറ്റായ മേല്‍വിലാസമാണ് ആദ്യം അന്വേഷണസംഘത്തിന് നല്‍കിയത്. കാപ്പന്‍ താമസിച്ചിരുന്ന ഫഌറ്റില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കസ്റ്റഡിയിലെടുക്കുമ്പോള്‍ 2018ല്‍ പ്രവര്‍ത്തനം അവസാനിച്ച തേജസ് ദിനപത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് പൊലീസിനെ കാണിച്ചത്. ഹാത്‌റസില്‍ ക്രമസമാധാനം തകര്‍ക്കാനും, ജാതിസംഘര്‍ഷം നടത്താനും നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്‍കാന്‍ അധികാരമില്ല. സിദ്ദിഖ് കാപ്പന്‍ കുടുംബാംഗങ്ങളുമായി മൂന്ന് തവണ ഫോണില്‍ സംസാരിച്ചെന്നും യുപി കോടതിയെ അറിയിച്ചു.

അഭിഭാഷകര്‍ക്ക് കാപ്പനെ ജയിലില്‍ കാണാന്‍ തടസമില്ലെന്ന സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പത്രപ്രവര്‍ത്തക യൂണിയന് മറുപടി സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു.