ബെംഗളൂരു: ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ‘ശക്തി ആപ്പ്’ പുറത്തിറക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി പുതിയ ആപ്പ് പുറത്തിറക്കിയത്. നേരത്തെ ഹൈദരാബാദ്, വാറങ്കല്‍, ഹനാംകോണ്ട എന്നിവിടങ്ങളില്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനുമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം പറഞ്ഞു. ‘എല്ലാ ബൂത്തുകളിലും ഓരോ ചെറിയ യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. ഇതിലെല്ലാ വിജയിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ ബൂത്തുകളിലും കോണ്‍ഗ്രസിന് മതിയായ പ്രവര്‍ത്തകരുണ്ട്. ഇവരെ പാര്‍ട്ടിയുമായി അടുപ്പിച്ച് നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിനായാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്’-ചിദംബരം പറഞ്ഞു.