കോഴിക്കോട്: വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച തൃശൂരിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് യൂത്ത്‌ലീഗ് പരാതി നല്‍കി. വിശ്വാസമുള്ളവര്‍ക്ക് ആചരിക്കാനും ഇല്ലാത്തവര്‍ക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് കൊണ്ടു കൂടിയാണ് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ് എന്ന് നാം അഭിമാനിക്കുന്നത്. എന്നാല്‍ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണ്-യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

യൂണിഫോമിന്റെ പേര് പറഞ്ഞ് വിദ്യാര്‍ഥിനികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതി നിഷേധിക്കുന്ന് സ്‌കൂളുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തവര്‍ ഇവിടെ പഠിക്കണ്ട എന്ന ധിക്കാരമാണ് അത്തരം മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പൊതു നിര്‍ദേശം പുറപ്പെടുവിക്കാന്‍ വിദ്യാഭ്യാസമന്ത്രി തയ്യാറാവണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.