ഗൊരഖ്പൂര്‍: ഗുരുപൂര്‍ണിമ ദിനത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. പ്രവീണ്‍ കുമാര്‍ സിങ് എന്ന പൊലീസുകാരനാണ് ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം തേടിയത്. അതിന് ശേഷം ഇയാള്‍ ആദിത്യനാഥിന് തിലകം ചാര്‍ത്തുകയും, ഹാരമണിയിക്കുകയും ചെയ്യുന്നുണ്ട്. പ്രവീണ്‍ കുമാര്‍ തന്നെയാണ് ഈ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് പ്രവീണ്‍ കുമാര്‍.

‘ഫീലിങ് ബ്ലെസ്ഡ്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഫോട്ടോ പങ്കുവെച്ചത്. സംഭവം വിവാദമായതോടെ പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. ആരില്‍ നിന്നും അനുഗ്രഹം തേടാനുള്ള വ്യക്തിസ്വാതന്ത്ര്യം പോലീസുകാരനുണ്ടെങ്കിലും അദ്ദേഹം പൊലീസ് യൂണിഫോം അഴിച്ചുവെച്ചതിന് ശേഷമായിരുന്നു അത് ചെയ്യേണ്ടിയിരുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഡല്‍ഹിയിലെ ഒരു പൊലീസുകാരന്‍ പൊലീസ് സ്റ്റേഷനിലെ കസേരയിലിരുന്ന് ഒരു ആള്‍ദൈവത്തെക്കൊണ്ട് തല മസാജ് ചെയ്യിപ്പിക്കുന്ന ഫോട്ടോ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു.