ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ അര്‍ദ്ധരാത്രി സംസ്‌ക്കരിച്ചനെതിരെ യുപി പൊലീസിന് നേരെ വിമര്‍ശനം ശക്തമാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ പുറത്തുനിന്നുള്ളവര്‍ക്കോ പ്രവേശനമില്ല. അകത്തും പുറത്തും പൊലീസ് തമ്പടിച്ചിരിക്കുകയാണ്.
എന്നാല്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് അഭിഭാഷകര്‍ പറഞ്ഞു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
Be the first to write a comment.