ലഖ്‌നൗ: 214 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം ഡോ കഫീല്‍ ഖാന്‍ ജയില്‍ മോചിതനാകുമ്പോള്‍ അത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ മുഖത്തേറ്റ പ്രഹരമാണ്. ദേശസുരക്ഷാ നിയമപ്രകാരം ചുമത്തിയ കുറ്റം എടുത്തു കളയാനും ഉടന്‍ മോചിപ്പിക്കാനുമാണ് ഇന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഗോവിന് മാഥുര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ശ്രദ്ധേയമായ വിധി. നിലവില്‍ മഥുര ജയിലിലാണ് കഫീല്‍ ഖാനുള്ളത്. ദേശസുരക്ഷാ നിയമപ്രകാരം അലീഗര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് 2020 ഫെബ്രുവരി 13ന് അദ്ദേഹത്തെ തടങ്കലിലാക്കിയത്. കഫീല്‍ഖാനെ തടങ്കലിലാക്കിയത് നിയമവിധേയമല്ല എന്നും കോടതി വിധിച്ചു എന്നതാണ് ശ്രദ്ധേയം.

ഈ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍ നിന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നത്. സിഎഎ വിരുദ്ധ സമരത്തില്‍ 2019 ഡിസംബര്‍ 13ന് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചു എന്നായിരുന്നു കുറ്റം. എന്നാല്‍ ഫെബ്രുവരി പത്തിന് അലീഗര്‍ സിജെഎം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയിരുന്നു. എ്‌നാല്‍ 15ന് അദ്ദേഹത്തിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് ദേശസുരക്ഷാ നിയമം ചുമത്തുകയായിരുന്നു.

2017 ഓഗസ്റ്റില്‍ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 60 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറുന്നത്. സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന ഡോക്ടറെ പിന്നീട് സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു.

ആ ദുരന്തത്തില്‍ ഹീറോ പരിവേഷം ലഭിച്ച ഡോക്ടര്‍ക്കെതിരെ പിന്നീട് ശിക്ഷാ നിയമത്തിലെ വകുപ്പ് 409, 308, 120 ബി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്ന വിചിത്ര നടപടിയാണ് യുപി പൊലീസ് സ്വീകരിച്ചത്. സ്വന്തം ഡ്യൂട്ടിയില്‍ ഉത്തരവാദിത്വം കാട്ടിയില്ല എന്നായിരുന്നു പൊലീസിന്റെ ആരോപണം.

2017 സെപ്തംബറില്‍ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. 2018 ഏപ്രിലില്‍ ഇദ്ദേഹത്തെ കോടതി മോചിപ്പിക്കുകയും ചെയ്തു. കഫീല്‍ ഖാനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് തെളിവില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. 2019 സെപ്തംബറില്‍ ഇദ്ദേഹത്തെ യോഗി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കുന്നത്. ഇതാണ് അലഹബാദ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്.