കൊച്ചി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികന്‍ സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതെന്നും അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ പെരുമാറുതെന്നും അദ്ദേഹം ചോദിച്ച്ു. സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകം നടത്തിയവരെ പിടൂകൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നടപടികള്‍ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാന്‍ സാധിക്കുമായിരുന്നുവെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.

ആധുനിക സംവിധാനങ്ങള്‍ നിലവിലുള്ള കൊച്ചി പൊലീസിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പിഴവ് സംഭവിച്ചു. പ്രതികളെ സഹായിച്ചവരും അവരെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളെ ഇപ്പോഴും പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇത് ഗുരുതര പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.