കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സമരം നടത്തുന്ന കന്യാസ്ത്രീകള്‍ രംഗത്ത്. മാര്‍പാപ്പ തള്ളിപ്പറഞ്ഞ ആളെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരമെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു പിന്നാലെ സഭയെ അവഹേളിക്കാനുള്ള ശ്രമമാണ് സമരമെന്ന് കോടിയേരി പാര്‍ട്ടി മുഖപത്രത്തിന്റെ ലേഖനത്തില്‍ പറയുകയും ചെയത്ു. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ മറുപടിയുമായി രംഗത്തുവന്നത്.