റിയാദ് : പ്രവാസികള്‍ക്ക് തപാല്‍ വോട്ട് നല്‍കുന്നതിനെ കുറിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പ്രവാസി സമൂഹത്തോടുള്ള അവഹേളനമാണെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി. പ്രവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണിത്. പണത്തിന് വേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍ പ്രവാസിയുടെ മനസ്സറിയാത്ത ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് അദ്ദേഹമെന്ന് തെളിയിച്ചിരിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ കുഴപ്പങ്ങളുണ്ടെങ്കില്‍ അത് ചൂണ്ടികാട്ടുന്നതിന് പകരം പ്രവാസിയെ കരിവാരിത്തേക്കുന്ന അഭിപ്രായത്തെ പ്രവാസി സമൂഹം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി. നാടിനും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി ജീവന്‍ പോലും പണയം വെക്കുന്നവനാണ് പ്രവാസി. അതിന്റെ ഫലങ്ങളാണ് യെച്ചൂരിയുടെ കക്ഷി ഭരിക്കുന്ന കേരളത്തിലും മറ്റും നിലനില്‍ക്കുന്ന മാന്യമായ സമ്പദ്ഘടന. എന്നാല്‍ ആരുടെ മുന്നിലും അഭിമാനം പണയം വെക്കാന്‍ പ്രവാസികളെ കിട്ടില്ല. ഉല്‍ബുദ്ധരാണ് പ്രവാസികള്‍. ഓരോ നിമിഷങ്ങളിലെയും ചലനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നവരാണവര്‍. വെറും കറവപ്പശുക്കളാണ് , എവിടയും കൊണ്ട് കെട്ടാമെന്നത് വ്യാമോഹം മാത്രമാണ്.

പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ മാനേജര്‍മാരുടെ കൈവശമായതിനാല്‍ പ്രവാസി സമ്മദര്‍ദ്ദത്തിലാകുമെന്നാണ് യെച്ചൂരിയുടെ പക്ഷം. ഗള്‍ഫ് നാടുകളടക്കം വിദേശങ്ങളില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാരും കമ്പനിയും കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. ഇവിടെ പ്രവാസിയുടെ വോട്ടും പാസ്‌പോര്‍ട്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നിരിക്കെ പ്രവാസികളെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. ഓരോ വിദേശ രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ എംബസ്സിയിലും കോണ്‍സുലേറ്റിലും എത്തി വോട്ട് ചെയ്യട്ടെയെന്ന നിലപാടും മിക്ക രാജ്യങ്ങളിലും അപ്രായോഗികമാണ്. പ്രവാസി വോട്ട് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ തങ്ങളുടെ സാഹചര്യം പരിതാപകരമാണെന്ന് മനസ്സിലാക്കിയാണ് പ്രവാസിസമൂഹം കാലമേറെയായി ആവശ്യപ്പെടുന്ന വോട്ടവകാശത്തെ സാങ്കേതിക വിഷയങ്ങള്‍ കാണിച്ച് മുന്നോട്ട് വരുന്നത് എന്ന് വേണം കരുതാന്‍.

കോവിഡ് കാലത്ത് ഭരണകൂടങ്ങള്‍ കാട്ടിയ ക്രൂരത മനസ്സിലാക്കിയവരാണ് പ്രവാസികള്‍. ഭരണകൂടത്തിന്റെ പിടിവാശി മൂലം ഒട്ടേറെ പ്രവാസി കുടുംബങ്ങളെ അനാഥമായി. വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന പ്രവാസി സഹോദരങ്ങള്‍ കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷ നേടാന്‍ എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് കരഞ്ഞും കാലുപിടിച്ചും യാചിച്ചിട്ടും അവരെ അവഗണിച്ചു. ഫലമോ അങ്ങിനെ കണ്ണീരൊഴുക്കിയവര്‍ പലരും ഇന്ന് ആറടി മണ്ണിലാണ്. ഇങ്ങിനെയുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതില്‍ ഭരണനേതൃത്വത്തിലുള്ളവര്‍ക്ക് താല്പര്യം കാണില്ലെന്ന് അറിയാം. ഒട്ടേറെ കുടുംബങ്ങളുടെ അത്താണി നഷ്ടപ്പെടുത്തിയ ഭരണകൂടത്തോടുള്ള പ്രതിഫലനമാകും വോട്ടവകാശത്തിലൂടെ പ്രവാസികളും അവരുടെ കുടുംബങ്ങളും നിര്‍വഹിക്കുകയെന്നും കെഎംസിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.