X
    Categories: MoreViews

റമദാനില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതായി സര്‍വേ

ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ് ഇക്കാര്യങ്ങളുള്ളത്. റമദാന്‍ ചിന്തകളും ആശംസകളും നേരാന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ കൂടുതലായി ഉപയോഗിക്കുന്നു.

സര്‍വേയോടു പ്രതികരിച്ചവരില്‍ 60ശതമാനം പേരും റമദാന്‍ ആശംസകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പങ്കുവെയ്ക്കുന്നവരാണ്. സോഷ്യല്‍മീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഖത്തരികളും കുവൈത്തികളുമാണ്. കുവൈത്ത്, ഒമാന്‍, ഖത്തര്‍, ടുണീഷ്യ, അള്‍ജീരിയ എന്നിവിടങ്ങളിലെ 1400ലധികം പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഭാവിയില്‍ റമദാനില്‍ ഊരിദൂവിന്റെ ഡിജിറ്റല്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താന്‍ സര്‍വേഫലം പ്രയോജനപ്പെടുത്തും. സര്‍വേ ചെയ്യപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ പെരുമാറ്റഘടനയില്‍ സമാനതകളും വൈരുദ്ധ്യങ്ങളും പ്രകടമായി.

റമദാനില്‍ സോഷ്യല്‍മീഡിയ, ഇന്റര്‍നെറ്റ് ഉപയോഗം പൊതുവെ വര്‍ധിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളും ആശംസകളും അറിയിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ അറിയുന്നതിനും മനസിലാക്കുന്നതിനും ടിവി സീരിസുകള്‍ കാണുന്നതിനും ഓണ്‍ലൈന്‍ ഷോപ്പിങിനുമായെല്ലാം ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളേക്കാള്‍ സോഷ്യല്‍മീഡിയയിലൂടെ സന്ദേശങ്ങളും ആശംസകളും പങ്കുവയ്ക്കാനാണ് കൂടുതല്‍പേരും താല്‍പര്യപ്പെടുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. മതപരമായ ആശയങ്ങള്‍ കൂടുതലായി പങ്കുവയ്ക്കുന്നു. ഭക്ഷണത്തിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നുണ്ട്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 64ശതമാനം പേരും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇവരില്‍ 25ശതമാനം പേര്‍ മാത്രമാണ് ഭക്ഷ്യസംബന്ധമായ ഫോട്ടോകള്‍ റമദാനില്‍ ഷെയര്‍ ചെയ്യുന്നത്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 55ശതമാനം പേര്‍ ഓണ്‍ലൈന്‍ മുഖേന ഷോപ്പിങ് നടത്താന്‍ താല്‍പര്യപ്പെടുന്നു.

പ്രത്യേകിച്ചും ഇഫ്താറിനുശേഷമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്. കുടുതല്‍ ഷോപ്പിങും ഇലക്്‌ട്രോണിക് ഉപകരണങ്ങള്‍ക്കായാണ്, 53ശതമാനം. വസ്ത്രങ്ങള്‍ക്കായി 52ശതമാനം. റമദാനില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് 58ശതമാനം പേര്‍ പ്രതികരിച്ചു. റണ്ണിങ്, ജോഗിങ് തുടങ്ങിയ വ്യായമങ്ങളാണ് കൂടുതല്‍ പേരും ചെയ്യുന്നത്.

chandrika: