തിരുവനന്തപുരം: കൊവിഡ് കാലത്ത് നാഷണല്‍ എലിജിബിലിറ്റിം കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) എന്നിവ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം. പരീക്ഷാ നടത്തിപ്പിനെതിരായ പ്രതിഷേധം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിരയായാണ് മാറുന്നത്. ജെഇഇ-നീറ്റ് പ്രശ്നത്തില്‍ സോണിയാ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനിര്‍ജിയും തമ്മില്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതോടെയാണ് പ്രതിപക്ഷ ഐക്യപ്പെടല്‍ വീണ്ടും ശക്തിയാജ്ജിക്കുന്നത്. കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവും രാജ്യത്തെ ദുരിതത്തിലാക്കുമ്പോള്‍ പരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നാണ് ഉയരുന്ന വാദം.
നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഏഴ് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ പദ്ധതിയിടുന്നത്.
പരീക്ഷകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും പങ്കെടുത്തു. എന്നാല്‍ യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് വിവരം.

പരീക്ഷ നീട്ടിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താന്‍ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തില്‍ പങ്കുവെച്ചു.
സ്ഥിതിഗതികള്‍ ശരിയായ ശേഷമേ പരീക്ഷകള്‍ നടത്താവൂ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. സ്‌കൂളുകള്‍ തുറന്ന യുഎസില്‍ 97,000 ത്തോളം കുട്ടികള്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതേ സ്ഥിതി ഇവിടെയും വന്നാല്‍ എന്ത് ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചോദിച്ചു.

കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനില്‍ക്കുകയാണെന്ന് ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെ ഇക്കാര്യത്തില്‍ കൂട്ടായ നിലപാട് ആവിഷ്‌കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ആരോപിച്ചിരുന്നു.