ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ഥനക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആസ്പത്രിയിലേക്ക് മാറ്റി. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഒറ്റക്കെത്തിയ അക്രമി വെടിവെക്കുകയായിരുന്നു. ന്യൂ ബ്രൗന്‍ഫെല്‍സിലെ ഡെവിന്‍ കെല്ലി എന്നയാളാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനാ ചടങ്ങിന് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തതിനു ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറില്‍ ഇയാളെ മരിച്ചനിലയിലാണ് കണ്ടത്. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായും അക്രമി ആത്മഹത്യ ചെയ്‌തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.