മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്പെയിനില്‍ വീണ്ടും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കിയതിന് പിന്നാലെ സ്പെയിനില്‍ അടുത്തിടെയായി വീണ്ടും രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് നടപടി.

ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ല്‍ താഴെ എത്തിയിരിക്കെയാണ് സ്ഥികീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഇരുപതിനായിരം കടന്നത്. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്ഥ നീണ്ടുനില്‍ക്കുമെന്നും പെഡ്രോ അറിയിച്ചു. ക്യാബിനറ്റ് യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പെഡ്രോ സാഞ്ചസ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്.

Image

യൂറോപ്പിലും സമാനമായ രീതിയില്‍ കോവിഡ് വീണ്ടും രൂക്ഷമാവുന്ന സാഹചര്യമാണ്. കോവിഡിന്റെ രണ്ടാം തരംഗം തടഞ്ഞുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞദിവസം പത്തുലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ യൂറോപ്പ്യന്‍ രാജ്യമായി സ്പെയിന്‍ മാറിയിരുന്നു. കോവിഡിനെ ചെറുക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അടക്കമുളള നടപടികള്‍ക്ക് അനുമതി തേടി വിവിധ മേഖലകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി രാജ്യം മുന്നോട്ടുപോയത്.