സോചി: റഷ്യയില്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. പരിശീലനത്തിനു ശേഷം പി.എസ്.ജി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനുള്ള ആരാധകരുടെ തിക്കിലും തിരക്കിലും ഇരുമ്പു ബാരിക്കേഡ് തകരുകയായിരുന്നു. ബാരിക്കേഡ് തന്റെ ശരീരത്തിലേക്ക് വീഴുന്നത് തടയാന്‍ ബ്രസീല്‍ താരം ചാടിമാറിയതിനാല്‍ പരിക്കില്‍ നിന്നു രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് താരത്തെ ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷിച്ചു കൊണ്ടുപോയത്.
സോചിയിലെ യുഗ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ ടീമിന്റെ പരിശീലനത്തിനു ശേഷമായിരുന്നു സംഭവം. ഗ്രൗണ്ടില്‍ നിന്ന് മടങ്ങുകയായിരുന്ന നെയ്മറിനോട് ബാരിക്കേഡിന് പുറത്തുനില്‍ക്കുകയായിരുന്ന ആരാധകര്‍ ഓട്ടോഗ്രാഫ് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. താരം അടുത്തേക്ക് വന്നപ്പോള്‍ ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും ബാരിക്കേഡ് തകരുകയായിരുന്നു. നെയ്മര്‍ ഒഴിഞ്ഞുമാറുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും ചെയ്തത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. ഓട്ടോഗ്രാഫ് നല്‍കാന്‍ അനുവദിക്കാതെ താരത്തെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഭവത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. 14 വയസ്സുള്ള ഒരു ആണ്‍കുട്ടി കയ്യില്‍ പരിക്കിനെ തുടര്‍ന്ന് ചികിത്സ തേടി.