അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തില്‍ നായികയായാണ് ശ്രീമയി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ സിനിമയില്‍ ശ്രീമയി ശ്രീസങ്ഖ്യ എന്നപേരിലായിരിക്കും അറിയപ്പെടുക. അതിനുള്ള കാരണവും ശ്രീമയി വ്യക്തമാക്കുന്നു.

ശ്രീമയി നല്ല പേരാണ്. പുരാണത്തില്‍ സൂര്യഭഗവാന്റെ ഭാര്യയുടെ പേരാണു സങ്ഖ്യ. തമിഴിലും മലയാളത്തിലും ഒരു പോലെ സ്വീകാര്യമായ ഒരു പേരെന്ന നിലയിലാണ് ശ്രീസങ്ഖ്യ എന്ന പേര് സ്വീകരിച്ചതെന്ന് ശ്രീമയി പറഞ്ഞു. സിനിമയില്‍ നായികയാവണമെന്നാണ് ആഗ്രഹം. കോമഡി ചെയ്യില്ലെന്നല്ല. കോമഡി സ്വീകന്‍സുകള്‍ ഉണ്ടെങ്കില്‍ അതും ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്ന് ശ്രീമയി പറഞ്ഞു.

കേരളത്തിലാണ് നാലുമുതല്‍ പ്ലസ്ടുവരെ പഠിച്ചത്. ഇപ്പോള്‍ ചെന്നൈ എസ്ആര്‍എം സര്‍വ്വകലാശാലയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ചാര്‍ളി, ബാംഗ്ലൂര്‍ ഡേയ്‌സ്, തമിഴിലെ സതിലീലാവതി എന്ന് തുടങ്ങി അമ്മയുടെ ഒട്ടേറെ സിനിമകള്‍ ഇഷ്ടമാണെന്നും ശ്രീമയി കൂട്ടിച്ചേര്‍ത്തു. കലഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ശ്രീജിത്ത് രവി, സാജു നവോദയ, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍്. സുമേഷ് ലാലാണു സംവിധായകന്‍.