നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. നടി ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പരാമര്‍ശം.

പൊതുജനങ്ങള്‍ ആരാണ്? ജനങ്ങള്‍ ആണെങ്കില്‍ ജനങ്ങള്‍ തന്നെ അന്വേഷിച്ചാല്‍ പോരേ. പോലീസ് എന്തിനാണ്? ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത്. എനിക്ക് മനസ്സിലാവുന്നില്ലെന്നും കേസില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കയെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞു. നടിയോട് അമ്മക്കില്ലാത്ത സ്‌നേഹമെന്തിനാണ് ജനങ്ങള്‍ക്കെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.

കേസിന്റെ അന്വേഷണത്തെ പോലീസിലെ ചേരിപ്പോര് ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. ആക്രമിക്കപ്പെട്ട സംഭവം കാടത്തമാണ്. അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു. മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ ശരീരത്തില്‍ സ്പര്‍ശിക്കാനോ ആര്‍ക്കും അവകാശമില്ല. ആ പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തില്‍ വ്യക്തിതാല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. അത് പലകാരണങ്ങളും ആവാം. ചിലപ്പോള്‍ രാഷ്ട്രീയം തന്നെയെന്നും ശ്രീനിവാസന്‍ പറയുന്നു.