ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 12 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക പിടികൂടി. നാവികസേനയുടെ സഹായത്തോടെ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയാണ് രണ്ട് ട്രോളറുകളിലായിരുന്ന ഇവരെ പിടികൂടിയത്. വടക്കന്‍ ശ്രീലങ്കയിലെ മന്നാറില്‍ ഫിഷറീസ് വകുപ്പിന് ഇവരെ കൈമാറി.

കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് ശക്തമാക്കിയതിനാല്‍ ഇന്ത്യന്‍ ബോട്ടുകള്‍ അതിര്‍ത്തി ലംഘിക്കുന്നതില്‍ 50 ശതമാനം കുറവുണ്ടെന്ന് ശ്രീലങ്കന്‍ ഫിഷറീസ് മന്ത്രി മഹിന്ദ അമരവീര പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിനു മുമ്പ് പിടികൂടിയ എല്ലാ ബോട്ടുകളും ഇന്ത്യയിലേക്ക് തിരികെ അയച്ചിട്ടുണ്ട്.

മീന്‍പിടുത്തക്കാരുടെ മേഖല സംബന്ധിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് അമരവീര വ്യക്തമാക്കി.