ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാകിലെ ഇന്ത്യ-ചൈന അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുന്നു. പാന്‍ഗോങ് തടാകത്തിലേക്ക് അതിക്രമിച്ചു കയറി ചൈനീസ് സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തെന്ന് ഇന്ത്യ ആരോപിച്ചു. ഇന്ത്യന്‍ ഭാഗത്തു നിന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടന്നുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സൈന്യം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ കാരണമില്ലാതെ ചൈന പ്രകോപനം സൃഷ്ടിക്കുകയാണ് എന്നും സൈനിക വൃത്തങ്ങള്‍ ആരോപിച്ചു.

പാന്‍ഗോങ് തടാകത്തിനു തെക്കു ഭാഗത്തെ റെചിന്‍ ലായിലാണ് ഇരുസേനയും തമ്മില്‍ വീണ്ടും മുഖാമുഖം വന്നത്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏഴായിരം സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ടാങ്കുകളും പ്രദേശത്തെത്തിയിട്ടുണ്ട്.

പാന്‍ഗോങിലെ കുന്നുകളില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ തിരിച്ചറക്കാനാണ് കുറച്ചു ദിവസമായി ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലകളാണിത്. ഇവിടെ സൈനികരെ വിന്യസിച്ച ഇന്ത്യയുടെ നീക്കമാണ് ചൈനയെ ചൊടിപ്പിച്ചത്. റെചിന്‍ ലാ- റെസാന്‍ഗ്ല, മുഖ്പാരി-മഗര്‍ഹില്‍ എന്നിവിടങ്ങളിലാണ് പുതുതായി ഇന്ത്യന്‍ സേനയുടെ സാന്നിദ്ധ്യമുള്ളത്.

വെടിവച്ചത് ഇന്ത്യയാണ് എന്ന് ചൈന കഴിഞ്ഞ ദിവസം ചൈന ആരോപിച്ചിരുന്നു. അപകടകരമായ നീക്കം ഇന്ത്യന്‍ സേന അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും പടിഞ്ഞാറന്‍ കമാന്‍ഡ് തിയേറ്റര്‍ വക്താവ് ഴാങ് ഷുലി പറഞ്ഞരുന്നു.