X

‘ജീവിതത്തില്‍ ഒരു സ്പിന്നറും എന്നോട് ഇതുപോലെ ചെയ്തിട്ടില്ല’; സ്മിത്ത്

മെല്‍ബണ്‍: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നല്‍ ആര്‍ അശ്വിനെ നേരിടുന്നതില്‍ താന്‍ പിന്നില്‍ പോയെന്ന് സമ്മതിച്ച് ഓസീസ് ബാറ്റ്‌സമാന്‍ സ്റ്റീവ് സ്മിത്ത്. അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് തങ്ങള്‍ക്കിടയിലെ മത്സരം മാറി. കരിയറില്‍ ഒരു സ്പിന്നറെയും ഇത്തരമൊരു മേല്‍ക്കോയ്മയ്ക്ക് താന്‍ അനുവദിച്ചിട്ടില്ലെന്ന്, രണ്ടാം ടെസ്റ്റിനു ശേഷം സ്മിത്ത് പറഞ്ഞു.

”അശ്വിനെതിരെ വേണ്ടപോലെ നന്നായി കളിക്കാന്‍ എനിക്കായില്ല. അശ്വിനില്‍ ഞാന്‍ കുറച്ചുകൂടി സമ്മര്‍ദം ഉണ്ടാക്കേണ്ടിയിരുന്നു. ഇതിപ്പോള്‍ അശ്വിന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതുവരെ ഒരു സ്പിന്നറെയും ഞാന്‍ അതിന് അനുവദിച്ചില്ല. കരിയറില്‍ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.” സ്മിത്ത് പറഞ്ഞു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സ്മിത്തിനെ അശ്വിന്‍ പുറത്താക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സ്മിത്തിനായിട്ടില്ല.

ഓസ്‌ട്രേലിയയിലേക്കു തിരിക്കുമ്പോള്‍ തന്നെ സ്മിത്ത് മനസ്സിലുണ്ടായിരുന്നെന്ന് അശ്വിന്‍ പറഞ്ഞു. സ്മിത്തിനെ പുറത്താക്കിയില്ലെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരിക്കലും കാര്യങ്ങള്‍ എളുപ്പമല്ല. അശ്വിന്‍ പ്രതികരിച്ചു.

എട്ടു വിക്കറ്റിനാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 70 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. ശുഭ്മാന്‍ ഗില്ലും രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 35 റണ്‍സുമായി ഗില്ലും 27 റണ്‍സുമായി രഹാനെയും പുറത്താകാതെ നിന്നു. 15 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

 

web desk 3: