തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട എ.കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജൂലൈ 28 ന് ശശീന്ദ്രന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. ശശീന്ദ്രന്‍ നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോണ്‍കെണി വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റ് മാധ്യമപ്രവര്‍ത്തകരുടെ മൊഴികളും കോടതി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് എടുത്ത കോടതി നടപടി സ്വാഭാവികമാണെന്നും അന്വേഷണത്തോട് താന്‍ സഹകരിക്കുമെന്നും എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലാണ് മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ അശ്ലീലച്ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓഫീസില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.