കങ്ങഴ: കോട്ടയം കങ്ങഴ മേഖലയില്‍ രണ്ട് മുസ്‌ലിം പള്ളികള്‍ക്ക് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രിയാണ് പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കങ്ങഴ പുതൂര്‍പ്പള്ളി മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള ചാരംപറമ്പ്, ഇടയിരിക്കപ്പുഴ പള്ളികളുടെ ജനാലകള്‍ കല്ലേറില്‍ തകര്‍ന്നു.

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ബൈക്കിലെത്തിയവര്‍ പള്ളിക്കുനേരെ കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പത്തനാട്ടെ പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ യുവാക്കള്‍ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു.

വീണ്ടുമെത്തിയ ഇവര്‍ രാത്രി പമ്പിലേക്ക് ബോംബ് എറിയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഗുണ്ടാവിളയാട്ടവും ആക്രമണവും പതിവായതോടെ പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.