ന്യൂഡല്‍ഹി: അയോധ്യയില്‍ ഡിസംബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി. ഇതോടൊപ്പം ലക്‌നോവില്‍ മുസ്്‌ലിം പള്ളിയുടെ നിര്‍മാണവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഓര്‍ഡിനന്‍സിന്റെ ആവശ്യം ഇല്ല. പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെ തന്നെ ഉഭയ കക്ഷി സമ്മതത്തോടെ രണ്ട് ആരാധനാലയങ്ങളുടെയും നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ വേദാന്തി പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി വേണ്ടി വന്നാല്‍ 1992 ലേതിനു സമാനമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റിയത് ഹിന്ദുക്കളെ അപാനിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് വ്യക്തമാക്കിയിരുന്നു.